തിരൂർ : ഫർണിച്ചർ കയറ്റിയ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിൽ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവർ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയിൽ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവർ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചരാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. നാലുമാസം മുമ്പാണ് ബിജു പാംസ് ഫർണിച്ചർ ഷോപ്പിന്റെ ഫർണിച്ചറുമായി ലോറിയോടിച്ച് പുനലൂരിലേക്ക് പോകവേ കാൽനടയാത്രക്കാരൻ റോഡു മുറിച്ചു കടക്കുന്നതിനിടയിൽ ലോറിയിടിച്ചു മരിച്ചത്. അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേലോറിയിൽ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ബിജുവിന്റെ മടിയിൽക്കിടന്നാണ് കാൽനടയാത്രക്കാരൻ മരിച്ചത്.
മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ: ബിൻസി, ബൈജു.