മൂവാറ്റുപുഴ : എം.സി. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. കൊടുങ്ങല്ലൂർ എസ്.എൻ.പുരം പള്ളിനട ശാന്തിപുരം ഭാഗത്ത് ഉല്ലയ്ക്കൽ സിദ്ദിഖ് കൊച്ചുമൈതീൻ (24), കൊടുങ്ങല്ലൂർ എസ്.എൻ.പുരം മുല്ലൻബസാർ ഭാഗത്ത് നെടിയപറമ്പിൽ മുഹമ്മദ് മുജിതബ ഷാജഹാൻ (24) എന്നിവരെ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പിടിച്ചത്.
മോഷണ സംഘത്തിൽ നിന്ന് കാറും 15 ബാറ്ററികളും പോലീസ് പിടിച്ചെടുത്തു. കൂത്താട്ടുകുളത്തിനടുത്ത് എം.സി. റോഡ് ഭാഗങ്ങളിൽനിന്നാണ് മോഷണം നടത്തിയത്. കൊടുങ്ങല്ലൂരിൽനിന്ന് രാത്രി സാമൂഹ്യ സന്നദ്ധ സംഘടനയുടേതെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള തിരിച്ചറിയൽ കാർഡ് തൂക്കിയിട്ട് കാറിൽ സഞ്ചരിച്ചായിരുന്നു മോഷണം. പോലീസ് പരിശോധനയിൽനിന്ന് രക്ഷപെടാനുള്ള തന്ത്രങ്ങളു പയോഗിച്ചിരുന്നു. മോഷണം നടത്തിയ ശേഷം രാത്രിതന്നെ മടങ്ങിപ്പോകുന്നതായിരുന്നു രീതി.
വിവിധ കേസുകളിൽ ശിക്ഷ കഴിഞ്ഞ പ്രതികൾ ആറു മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. കൂടുതൽ പേർ മോഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ബാറ്ററികൾ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് സംഘം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. വി.കെ. ശശികുമാർ, എ.എസ്.ഐ. ജയകുമാർ പി.സി,. സി.പി.ഒ. ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.