കൊച്ചി : ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ബോബി ചെമ്മണ്ണൂർ. സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും. വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ നൽകാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോൾ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.