ആലപ്പുഴ : ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലീസിന്റെ അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് നടപടി എടുത്തത്. മക്കളുമായി ആഷിബ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നില്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുമായി ഇടിച്ചിരുന്നു. ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് ബൈക്കിടിച്ചത്. ഇതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് ആഷിബ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. ആഷിബിന്റെ കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറുടെ തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനെതിരെ യുവാവ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ആഷിബിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഷിബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.