കൊച്ചി : ലോട്ടറി വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ലോട്ടറി ഏജൻസി ജീവനക്കാരനെയും പ്രതി ചേർത്തു. ലോട്ടറി ഏജൻസി സ്ഥാപനത്തിലെ വൈഫൈയും ഏജൻസി കോഡും ദുരുപയോഗിച്ചെന്ന പരാതിയിലാണ് ജീവനക്കാരനെ പ്രതി ചേർത്തിരിക്കുന്നത്. മുവാറ്റുപുഴയിലെ ലോട്ടറി ഏജൻസിയിൽ നിന്നും 150 തവണ ലോട്ടറി വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ലോട്ടറി വകുപ്പിൻ്റെ ഡാറ്റാബേസ് സർവറിൽ കടന്നുകയറി വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന് ലോട്ടറി വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഇവർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ലോട്ടറി വകുപ്പ് ഡയറക്ടർ സൈബർ സെല്ലിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ലോട്ടറി ഏജൻസി ഉടമകളായ ദമ്പതികൾക്കെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഏജൻസിയിലെ ജീവനക്കാരനായ യുവാവാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നായിരുന്നു ദമ്പതികളുടെ പരാതിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ ബന്ധമില്ലെന്നും ദമ്പതികൾ വിശദീകരിച്ചിരുന്നു. യുവാവ് എന്തിനാണ് ലോട്ടറി വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നതിൽ വ്യക്തതയില്ല.