കോട്ടയം : ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിംഗിൽ പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ ടി, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നൽകിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. കേസിൽ പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. റാഗിംഗിന് കാരണം പിറന്നാള്‍ ആഘോഷത്തിന് പണം നല്‍കാതിരുന്നതാണെന്നാണ് പരാതിക്കാര്‍ നൽകിയിരിക്കുന്ന മൊഴി. ഡിസംബര്‍ 13ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ നടന്നത്.