തൃപ്പൂണിത്തുറ: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരങ്ങൾ പ്രിയനടിക്ക് ആദരാഞ്ജലികളർപ്പിച്ചു. ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട് മുതൽ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചു.
തുടർന്ന് തൃശൂരിലേക്ക് കൊണ്ടുപോയ മൃതദേഹം , സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെച്ചു. ശേഷം വടക്കാഞ്ചേരിയിലെ വീടായ ‘ ഓർമ ‘യിലെത്തിച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെപിഎസി ലളിത തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിൽ അന്തരിച്ചത്. 550ലേറെ സിനിമകളിൽ വേഷമിട്ട കെ.പി.എ.സി ലളിത കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. 1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് കടക്കത്തറ വീട്ടിൽ അനന്തന്‍നായരുടെയും അമ്മ ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി ജനനം. ചങ്ങനാശ്ശേരി ഗീഥയിലൂടെ നാടകരംഗത്തെത്തിയ ലളിത കെ.പി.എ.സിയിലൂടെ അഭിനയത്തിൽ മേൽവിലാസം കുറിച്ചു.