തൃശൂർ : വോയ്സ് ഫോർ എലിഫന്റ്സ് (വിഎഫ്എഇ) റോബോട്ടിക് ആനയെ പുറത്തിറക്കി. തൃശൂർ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് ശിവശക്തി എന്ന് പേരിട്ട റോബോട്ടിക് ആനയെ നൽകിയത്. കേരളത്തിൽ ആന ഇടയുന്ന ദാരുണ സംഭവങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ശിവശക്തിയുടെ വരവ്. 2025 ആരംഭിച്ച് വെറും രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ആറുപേർക്കാണ് ബന്ദികളാക്കപ്പെട്ട നാട്ടാനകൾ മൂലം ജീവൻ നഷ്ടപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ചൂടും വെടിക്കെട്ടും മൂലം പരിഭ്രാന്തരായ രണ്ട് ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമാകുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂരിലെ മറ്റൊരു സംഭവത്തിൽ ഇടഞ്ഞ ആന അതിന്റെ പാപ്പാനെ കുത്തിയതിന് ശേഷം 14 കിലോമീറ്റർ ഓടുകയും നാട്ടുകാരെ പരിഭ്രാന്തരാക്കുകുകയും ചെയ്തു. 2024ൽ ആനകളെ ഉപദ്രവിച്ചും അവഗണിച്ചും രോഗത്താലും 24 നാട്ടാനകളാണ് ചരിഞ്ഞത്. കഴിഞ്ഞ 6 വർഷത്തിനിടെ 154 ആനകൾ ചരിയുകയും കണക്കില്ലാത്ത നാശം മനുഷ്യർക്ക് വരുത്തിവയ്ക്കുകയും ചെയ്തു.
സഹാനുഭൂതിയുള്ള പാരമ്പര്യത്തിലേക്ക് വഴിതുറക്കുന്നതിലൂടെ ചരിത്രം മാറ്റി എഴുതാനുള്ള അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയുടേതാണ് ഈ ഹൈടെക്ക് റോബോട്ടിക് ആന. നമ്മുടെ സംസ്കാരത്തിൽ അന്തർലീനമായ അഹിംസയെ മുറുകെ പിടിക്കാനും അതേസമയം നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കാനും ഈ റോബോട്ടിക് ആന നമ്മെ സഹായിക്കും. റോബോട്ടിക് ആനയെ കൊണ്ടുവരിക എന്നത് പാരമ്പര്യത്തെ ഉപേക്ഷിക്കലല്ല മറിച്ച് കനിവോടെയും അറിവോടെയും സ്വയം വളരുക എന്നതാണ് അർത്ഥമാക്കുന്നത്. നാം നമ്മുടെ പൈതൃകത്തെ ശരിക്കും വിലമതിക്കുന്നുണ്ടെങ്കിൽ മനുഷ്യനെയും ആനയേയും ഒരുപോലെ ജീവനുള്ള എല്ലാത്തിനെയും ബഹുമാനിച്ചു കൊണ്ടുള്ള പുരോഗമനത്തെ ചേർത്തുപിടിക്കണം വിഎഫ്എഇയുടെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടർ സംഗീത അയ്യർ പറഞ്ഞു. പത്ത് അടി ഉയരവും 600 കിലോ ഭാരവുമുള്ള ശിവശക്തി ഫൈബറും റബറും കൊണ്ട് നിർമ്മിച്ചതാണ്. അതിന്റെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും വൈദ്യുതിയാലാണ് ചലിക്കുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് തടസം വരാത്തവിധം നാലാളുകളെ വരെ വഹിക്കാനാകും. ചാലക്കുടിയിലുള്ള ഫോർ ഹാർട്സ് ക്രിയേഷൻസ് ആണ് ശിവശക്തിയെ നിർമ്മിച്ചിരിക്കുന്നത്. വിഎഫ്എഇയെ പ്രതിനിധീകരിച്ച് തൃശൂർ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം ചടങ്ങിൽ പങ്കെടുത്തു.