കൊച്ചി : പാര്‍ട്ടിയില്‍ പിന്നില്‍ നിന്നും കുത്തുന്നവരെ തനിക്ക് അറിയാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മനുഷ്യത്വമുള്ളവര്‍ കൂടെ നില്‍ക്കും. അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോഴുണ്ടായ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളുടെ രത്‌നചുരുക്കവും ഹൈക്കമാന്‍ഡിനെ അറിയിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് താനും വി ഡി സതീശനും ഒരുമിച്ച് പറഞ്ഞതാണെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനാ ചര്‍ച്ചക്കിടെയാണ് പ്രതികരണം. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന ശശി തരൂരിന്റെ നിലപാടിനെ എംപി സ്വാഗതം ചെയ്തു. അത് അദ്ദേഹത്തിന്റെ താല്‍പര്യവും ആഗ്രഹവും ആയിരിക്കാം. താന്‍ ഇതൊന്നും നോക്കിയിട്ടല്ല നില്‍ക്കുന്നത്. തനിക്ക് ഇതില്‍ ആശങ്കയില്ലെന്നും സുധാകരന്‍ പറഞ്ഞു.
കാര്യങ്ങള്‍ വിശദീകരിച്ച് സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുമോയെന്ന ചോദ്യത്തോട് ‘ആരോടും ബാര്‍ഗെയിന്‍ ചെയ്യാന്‍ ഞാനില്ല’ എന്നാണ് സുധാകരന്റെ പ്രതികരണം. സ്വകാര്യമായി പലരും ബന്ധപ്പെടുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് സ്വാഭാവികമാണ്. പിന്നില്‍ നിന്ന് കുത്തുന്നവര്‍ ഉണ്ടാവാം. അവരില്‍ കുറേപേരെയൊക്കെ തനിക്ക് അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം.