തൃശൂർ : രക്ഷകർത്താക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകൻ വീട്ടിൽ കയറേണ്ടെന്ന് കോടതി ഉത്തരവ്. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽ ജയന്തനാണ് നിർണായക ഉത്തരവിട്ടത്. പോർക്കുളം പനയ്ക്കൽ കുരിയന്റെയും മേരിയുടെയും മകൻ റോബിനെ(39)യാണ് വീട്ടിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയത്.
റോബിൻ മദ്യപിച്ച് വീട്ടിലെത്തി സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് കുരിയനെയും മേരിയെയും നിരന്തരം ഉപദ്രവിക്കുമായിരുന്നു. വീട്ടിലെ സാധനസാമഗ്രികളും മദ്യലഹരിയിൽ നശിപ്പിച്ചു. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ റോബിൻ മാതാപിതാക്കളുമായുള്ള തർക്കത്തിനെ തുടർന്ന് വിൽക്കുകയും ചെയ്തു. മകന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് മാതാപിതാക്കൾ അഭിഭാഷകൻ സി ബി രാജീവ് മുഖേന കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇലക്‌ട്രീഷ്യനാണ് മകൻ റോബിൻ.