തിരുവനന്തപുരം : സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തിരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്. സമയത്ത് അറ്റകുറ്റപ്പണിയില്ലാതെ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ വലുതും ചെറുതുമായ അപകടങ്ങൾ പതിവാണ്. സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ ഉണ്ടാക്കും. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരി 20 ചേർന്ന യോഗം ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റ വിപുലീകരണവും വേഗത്തിലാക്കും. സെക്രട്ടേറിയേറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തി എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കും. ഗാർഹികമാലിന്യം സെക്രട്ടേറിയേറ്റിനകത്ത് കൊണ്ട് വന്ന് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.