തിരുവനന്തപുരം : കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കാൻ സര്‍ക്കാരിന് സാധിച്ചുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതുക്കിയ ഓഡിറ്റോറിയം ഉള്‍പ്പെട്ട ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന സമ്പൂര്‍ണവും സൗജന്യവുമായ വിദ്യാഭ്യാസം നിരന്തരപ്രയത്‌നത്തിലൂടെ സാധ്യമാക്കിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ബഹുനില മന്ദിരങ്ങള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 6000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. വിദ്യാര്‍ത്ഥികളെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച രീതിയില്‍ പ്രാപ്തരാക്കുക, മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയ്ക്ക് തിരികെയെത്തിയതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം ഉള്‍പ്പെട്ട ബഹുനില മന്ദിരം നിര്‍മിച്ചത്. കിലയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. രണ്ടു നിലകളിലായി 4583 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സി.ദിവാകരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രാജീവ്, കില റീജിയണല്‍ മാനേജര്‍ ഹൈറുനിസ.എ, സ്കൂൾ പ്രിന്‍സിപ്പല്‍ രാജ്കുമാര്‍ കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.