തിരുവനന്തപുരം: തന്റെ ജനനേന്ദ്രിയം മുറിച്ചത് അന്നത്തെ പരാതിക്കാരിയായ പെൺകുട്ടിയാണെന്ന് കരുതുന്നില്ലെന്ന് സ്വാമി ഗംഗേശാനന്ദ. തന്നോട് ഇങ്ങനെയൊരു കാര്യം ചെയ്യാനുള്ള മാനസികബലം ആ പെൺകുട്ടിക്കുണ്ടെന്ന് കരുതുന്നില്ല. പക്ഷേ അവൾ വന്നപ്പോൾ കുടിക്കാൻ സോഡാ തന്നിരുന്നു എന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു.
സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കൃത്യം ചെയ്തത് പെൺകുട്ടിയും അയ്യപ്പദാസും മാത്രമല്ല. വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങൾക്ക് ഇതുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയവരെ കണ്ടുപിടിക്കണം. ചില രേഖകൾ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. ആ കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ട്. പെൺകുട്ടിയോട് സംസാരിക്കാറുണ്ട് , അവളാകെ തകർന്ന അവസ്ഥയിലാണ്. ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം നിലനിൽക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളത്.
ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ്. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെൺകുട്ടി വാതിൽ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞത്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയിൽ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോൾ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യമെന്നും ഗംഗേശാനന്ദ പറഞ്ഞു.