തിരുവനന്തപുരം : നിരക്കു വർധനയ്ക്കുള്ള ശുപാർശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻപിലുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കു വർധനയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉപയോക്താക്കളുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ. 2771.14 കോടി രൂപയാണ് വൈദ്യുത ചാർജ് ഇനത്തിലുള്ള കുടിശിക. ഇതു പിരിച്ചെടുക്കാത്തതും നിരക്കു വർധനയും തമ്മിൽ ബന്ധമില്ല. വൈദ്യുതി ഉൽപാദന, വാങ്ങൽ ചെലവും പ്രവർത്തന, പരിപാലന ചെലവും ഉൾപ്പെടെ പല കാര്യങ്ങളും പരിഗണിച്ചാണ് നിരക്കു തീരുമാനിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബോർഡിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു സൂചന നൽകിയുള്ള കെഎസ്ഇബി ചെയർമാൻ ബി.അശോകിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, അങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തതോടെ, ചെയർമാൻ ഒരാളുടെ പേരിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അവിടെ നടക്കുന്ന ചില വസ്തുതകളെ ചൂണ്ടിക്കാണിക്കുകയാണു ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.