കണ്ണൂർ : സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിന്റെ കൊലപാതക കേസില്‍ കണ്ണവം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. പ്രതി ലിജേഷിന്റെ ബന്ധു കൂടിയായ സുരേഷിന്റെ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് അര മണിക്കൂർ മുമ്പ് ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. പാതിരാത്രി വാട്സാപ് കോളിൽ നാല് മിനിറ്റ് നേരം സംസാരിച്ചു. പിറ്റേന്ന് രാവിലെയും പ്രതി ലിജേഷ് ഈ നമ്പറിലേക്ക് വിളിച്ചു. അതേസമയം കേസിൽ കസ്റ്റഡിയിലെടുത്ത നിജിൽ ദാസിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാളെ ചോദ്യംചെയ്യാൻ ഇനിയും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാർഡ് കൗൺസിലറുമായ ലിജേഷിനെ ഫോണിൽ വിളിച്ചിരുന്നു. രാത്രി ഒരു മണിയോടെയാണ് ഫോൺ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോൺ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി. ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.
ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സംഘർഷത്തിന് പിന്നാലെയുള്ള ലിജേഷിന്റെ പ്രസംഗം കൊലപാതകത്തിന് കാരണമായി എന്നും പോലീസ് കരുതുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കൊലപാതകം നടന്നത് മുതൽ സിപിഎം ആരോപിക്കുന്നത്. എന്നാൽ ആരോപണം തള്ളി ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായി.
ക്ഷേത്രത്തിലെ സംഘർഷം നടന്ന് ആഴ്ചകൾക്കുള്ളിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കുറ്റം നടത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. ജോലി സ്ഥലത്ത് നിന്ന് ഹരിദാസ് ഇറങ്ങുന്ന വിവരം സുനേഷ് ലിജേഷിനെ അറിയിച്ചു. തുടർന്ന് കൊലയാളി സംഘത്തിന് ലിജേഷ് ഇത് പറഞ്ഞ് നൽകി. ഗൂഢാലോചന കുറ്റം ചുമത്തിയാണ് 4 പേരെയും അറസ്റ്റ് ചെയ്തത്. കൊലയാളികളെ ഇതുവരെയും പോലീസ് കണ്ടെത്തിയിട്ടില്ല. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് 2 ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനും കൊലപാതകത്തിനും കാരണമെന്ന്ലീ. പോലീസ് പറയുന്നു. അതിനിടെ അമിത രക്തസ്രാവമാണ് ഹരിദാസിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുപതിലധികം വെട്ടേറ്റു. ഇടതുകാൽ മുട്ടിന് താഴെ മുറിച്ച് മാറ്റി. വലത് കാലിൽ 4 വെട്ടേറ്റു. വടിവാളും കനമുള്ള മഴവും ഉപയോഗിച്ചാവാം അക്രമിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.