തിരുവനന്തപുരം : സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് ചർച്ച നടക്കുന്നത്. ഫോണിലൂടെ വിളിച്ചാണ് സമര നേതാക്കൾ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയമെടുത്തത്. ഫോണിൽ പോലും തന്നെ സമരക്കാർ ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമരക്കാരുടെ നീക്കം. ആരോഗ്യമന്ത്രി വീണാ ജോർജുമായി മൂന്നുതവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചർച്ച നടക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലാണ്. നിരാഹാര സമരം 19 ആം ദിവസത്തിലേക്ക് കടന്നു.