കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെതിനെ തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസില്‍ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ട് നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തത്. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂര്‍ത്തിയാക്കി ജൂണില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.