കൊല്ലം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ വിവിധ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ജലജന്യരോഗങ്ങൾ, സൂര്യാതപം/സൂര്യാഘാതം എന്നിവെയ്ക്കുള്ള സാധ്യതയും ഏറുകയാണ്. വെള്ളം മൂടിവച്ച് സംഭരിച്ചില്ലെങ്കിൽ കൊതുക് പെരുകി ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയവയ്ക്ക് സാധ്യതയേറും. ജല-ഭക്ഷ്യ ജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവയും പടരാനിടയുണ്ട്. യാത്രാവേളകളിലും അല്ലാത്തപ്പോഴും തിളപ്പിച്ചാറിയ വെള്ളംമാത്രം ഉപയോഗിക്കണം. നിറമുള്ള, കൃത്രിമ പാനീയങ്ങൾ, കോളകൾ, മധുരപാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കണം.
പുറത്തുനിന്നു വാങ്ങുന്ന കുടിവെള്ളം ശുദ്ധമായ സ്രോതസ്സിൽനിന്നുള്ളതാണെന്ന സർട്ടിഫിക്കറ്റ് വിൽപ്പനക്കാർ കരുതണം. അംഗീകൃത വാഹനങ്ങളിൽ മാത്രം ജലവിതരണം നടത്താം. ആരോഗ്യപ്രവർത്തകർ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും/സി.എച്ച്.സി./പി.എച്ച്.സി. സബ് സെന്റുകളിൽ ഉൾപ്പെടെ ഒ.ആർ.എസ്. സിങ്കി കോർണറുകൾ സജ്ജീകരിക്കണം. പഞ്ചായത്ത് തലത്തിൽ കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ നിർദേശിച്ചു. ചിക്കൻപോക്സ്, മുണ്ടിനീര്, ത്വഗ്രോഗങ്ങൾ, അലർജി, വൈറൽപ്പനി എന്നിവയും വേനൽക്കാലത്ത് കൂടുതലായി ഉണ്ടാകാം. ശുചിത്വം പാലിക്കുകയും രോഗങ്ങൾ വരാതെ നോക്കുകയുമാണ് പ്രധാനം.
സൂര്യാഘാതം: മുൻകരുതലുകൾ
• ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
• ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം.
• സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേക്ക് മാറണം. ഉഷ്ണം മാറുന്നില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലോടാം.
• കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
• വെയിലത്ത് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലിസമയം ക്രമീകരിക്കണം.
• ചൂടുകൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്.
• വെയിലത്ത് കാറുകളിലും ഇതരവാഹനങ്ങളിലും കുട്ടികളെ ഇരുത്തരുത്.
• വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം.
• ചർമസംരക്ഷണത്തിനായി നിലവാരമുള്ള സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കണം.
• പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം.
• യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം.
• അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പ്രഥമശൂശ്രൂഷ നൽകി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.