മണ്ണാർക്കാട് : പാലക്കാട് മണ്ണാർക്കാട് കാണാതായ ആദിവാസി യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരും. തേൻ എടുക്കാൻ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്ഠനെ (24)കണ്ടെത്താലുള്ള തെരച്ചിൽ രാവിലെ ആരംഭിക്കും. പാലക്കാട് മണ്ണാർക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. തെരച്ചിലിന് അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ സംഘവും നേതൃത്വം നൽകും. സമീപത്ത് കാട്ടാന സാന്നിധ്യമുള്ളതിനാൽ ഇന്നലെ വൈകിട്ട് നാലോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. കാട്ടാന സാന്നിധ്യവും വെള്ളച്ചാട്ടത്തിൽ രൂപപ്പെടുന്ന വലിയ ചുഴിയും തെരച്ചിലിന് തടസമാണെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവാവിനെ കാണാതായത്. ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.