ചെന്നൈ : സംസ്ഥാനത്തെ കടുത്ത ചൂടിൽ കുട്ടികൾക്കു നിർജലീകരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ കുടിക്കാൻ വെള്ളം നൽകണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ പോലും നിർജലീകരണത്തിനു സാധ്യതയുള്ളതിനാൽ കിടക്കുന്നതിനു മുൻപ് ആവശ്യത്തിനു വെള്ളം കുടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. മുതിർന്നവരെ അപേക്ഷിച്ച് വെള്ളം കുടിക്കുന്നതിൽ കുട്ടികൾ വലിയ ശ്രദ്ധവയ്ക്കാറില്ല. വെള്ളത്തിന്റെ കുറവ് തളർച്ച, തലവേദന, തലകറക്കം, പേശീ വേദന, മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി വിവിധ രോഗങ്ങൾക്കു കാരണമാകും. സംസ്ഥാനത്ത് 21 വരെ 2–3 ഡിഗ്രി സെൽഷ്യസ് താപനില കൂടുമെന്നു ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്നു കടുത്ത ചൂടിന് സാധ്യതയുണ്ട്. ചെന്നൈയിൽ ആകാശം മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മിതമായ മഴ ലഭിക്കുമെങ്കിലും താപനില 37 ഡിഗ്രി വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്.