തിരുവനന്തപുരം : ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി. കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാൻ ഷായോങ് ജനറേറ്റിംഗ് എക്യുപ്മെന്‍റ് കമ്പനി ലിമിറ്റഡും ചേർന്ന കൺസോർഷ്യത്തിന് നൽകിയിരുന്ന ഇലക്ട്രോ മെക്കാനിക്കൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2015 മാർച്ച് 18നാണ് പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാർ കെഎസ്ഇബി ഒപ്പുവച്ചത്. 81.80 കോടി രൂപയായിരുന്നു കരാർ തുക. 18 മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കണം എന്നായിരുന്നു കരാറിലെ നിബന്ധന. 2016 ഓഗസ്റ്റിൽ പൂർത്തീകരിക്കേണ്ട നിർമ്മാണം 9 വർഷത്തിനു ശേഷവും 86.61 ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. നിരന്തരമായ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കും ശേഷവും നിർമ്മാണ പുരോഗതി ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.