കൊച്ചി : കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾക്കായി പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി. ജയരാജനൊപ്പം ടി വി രാജേഷും അടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. കേസിലെ ഒന്നാം സാക്ഷി സക്കറിയെയാണ് ഇന്ന് വിസ്തരിക്കുന്നത്.
ഷുക്കൂറിനൊപ്പം കുത്തേറ്റ ആളാണ് സക്കറിയ. ജൂൺ 9 നുള്ളിൽ 21 സാക്ഷികളെ വിസ്തരിക്കാൻ സമൻസ് അയച്ചിട്ടുണ്ടെന്ന് അഡ്വ മുഹമ്മദ് ഷാ പറഞ്ഞു. നിഷ്ഠൂരമായ കൊലപാതകത്തിൽ ഷുക്കൂറിനും കുടുംബത്തിനും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷുക്കൂറിന് നീതി ലഭിക്കാൻ മുസ്ലിം ലീഗ് ഏതറ്റം വരെയും പോകുമെന്നും ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേളേരി പ്രതികരിച്ചു.