തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.