ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ കേരളം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവിൽ ഗവർണറുടെ പരിഗണനയിൽ അനുമതിക്കായി ബില്ലുകൾ ഇല്ലെന്നും അതിനാൽ തങ്ങളുടെ ഹർജി അപ്രസക്തമായെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കുന്നതിനെ കേന്ദ്രം സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു. ഹർജികൾ ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയിൽ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ഗവർണർക്കെതിരായ ആദ്യ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത്.
ഗവർണർ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് ചോദ്യം ചെയ്താണ് രണ്ടാമത്തെ ഹർജി. ഈ ഹർജി നിലനിൽക്കുമെന്നും കേരളം കോടതിയെ അറിയിച്ചു. എന്നാൽ കേരളത്തിന്റെ ഹർജിയിൽ സുപ്രധാനമായ ചില വിഷയങ്ങളുണ്ടെന്നും അതിനാൽ അതിൽ വിശദമായ വാദം കേൾക്കണമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ ഹർജി പിൻവലിക്കാനുള്ള അവകാശം ഹർജിക്കാർക്കാണുള്ളതെന്ന് കേരളത്തിന്റെ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കുന്നതിനെ തുടർന്നും ശക്തമായി തുഷാർ മേത്ത എതിർത്തു. തുഷാർ മേത്ത ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയത്.