മലപ്പുറം : നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക് പുനെയില്‍ നിന്നെത്തിച്ച മോണോക്ലോണല്‍ ആന്റി ബോഡി നല്‍കിത്തുടങ്ങി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസൊലേഷനില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രോഗിക്ക് മോണോക്ലോണല്‍ ആന്റി ബോഡി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിച്ചത്. തുടര്‍ന്ന് പുനെയില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ആന്റി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചു.
അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ രോഗിക്ക് കുത്തിവെച്ചു. നിലവില്‍ ഇവര്‍ അബോധാവസ്ഥയിലാണ്. ആന്റി ബോഡി നല്‍കിയതിന്റെ ഫലം നീരീക്ഷിച്ചുവരികയാണ്. അതിനിടെ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 58 പേരില്‍ 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 13 പേരാണ് ആകെ നെഗറ്റീവ് ആയത്. വളാഞ്ചേരി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ പനി സര്‍വൈലന്‍സ് ഇന്നു തുടങ്ങും. പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ 4 ദിവസം കൊണ്ട് 4749 വീടുകളില്‍ പനി സര്‍വൈലന്‍സ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.