തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൈമനത്താണ് സംഭവം. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ഷീജയുടെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഷീജ തന്റെ സുഹൃത്തായ സജിക്കൊപ്പമായിരുന്നു താമസിച്ചുവരുന്നതെന്നും പിന്നീട് ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സുഹൃത്തിനൊപ്പം ഷീജ താമസിക്കുന്നതിൽ ബന്ധുക്കൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ബന്ധു സുരേഷ് വ്യക്തമാക്കി. ഷീജ ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും സംഭവത്തിൽ സജിയുടെ പങ്ക് പരിശോധിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.