ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുകേസിൽ ചെന്നൈയിൽ അന്വേഷണം പൂർത്തിയാക്കിയ എക്സൈസ് സംഘത്തിനു ലഭിച്ചത് നിർണായക വിവരങ്ങളും തെളിവുകളും. കേസിലെ മുഖ്യപ്രതി സുൽത്താൻ മലേഷ്യയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നു കണ്ടെത്തി. വിമാന യാത്രാവിവരങ്ങളും അതിന്റെ രേഖകളും കിട്ടി. ചെന്നൈയിൽ നിന്നു വാടകക്കെടുത്ത കാറിലാണ് എറണാകുളം വരെ കഞ്ചാവെത്തിച്ചത്. ഇതിനായി ഇയാൾ കരുവാക്കിയത് മൂത്തമകനെയും അയാളുടെ കാമുകിയെയുമാണ്. കുറച്ചു സാധനങ്ങൾ കൊണ്ടുപോകാനുണ്ടെന്നു പറഞ്ഞാണ് ഇവരുമായി എറണാകുളത്തേക്കു തിരിച്ചത്.
കഞ്ചാവാണ് വാഹനത്തിലെന്ന് അവർക്ക് അറിയില്ലായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോൾ സുൽത്താന്റെ ഭാര്യയും മറ്റൊരു പ്രതിയുമായ തസ്‍ലിമ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് എല്ലാവരും ചേർന്നാണ് എറണാകുളത്തേക്കു തിരിച്ചത്. സാധനങ്ങൾ എറണാകുളത്ത് എത്തിച്ചശേഷം മകനും കാമുകിയും മടങ്ങി. കാറിൽ കഞ്ചാവ് ഉണ്ടായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ചോദ്യംചെയ്യലിൽ ഇവർ പറഞ്ഞത്. സുൽത്താനും തസ്‍ലിമയ്ക്കും രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളതെന്ന് എക്സൈസ് പറഞ്ഞു. ഇവരുടെ മറ്റു മക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. മകൾ ഇവർക്കൊപ്പം ആലപ്പുഴയിലേക്കുള്ള യാത്രയിലുമുണ്ടായിരുന്നു.