കൊല്ലം: ഗതാഗത നിയമലംഘനം കണ്ടെത്താൻ സിറ്റി പോലീസ് കമീഷണർ നടപ്പാക്കിയ പരിശോധനയിൽ 100 സ്വകാര്യ സർവിസ് ബസുകളിൽ 56ലും നിയമലംഘനം കണ്ടെത്തി. സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് സംയുക്ത പരിശോധന നടത്തുന്നത്. ഹൈസ്കൂൾ ജങ്ഷൻ, കരിക്കോട്, തട്ടാമല എന്നിവിടങ്ങളിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്.
ഇടത് വശത്തുകൂടി ഓവർടേക്കിങ്, വേഗപരിധി ലംഘിക്കൽ, ഫിറ്റ്നസ്, കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ജീവനക്കാർ എന്നിങ്ങനെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു.അനുവദനീയമായ വേഗത്തിൽ കൂടുതൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. കൊല്ലം അസിസ്റ്റന്റ് കമീഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്ക്, കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദ്, ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.എൽ. സതീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.