ജിദ്ദ: കോവിഡ് മഹാമാരി ലോകത്താകെ സാമ്പത്തിക വാണിജ്യ രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചപ്പോഴും ഈ രംഗങ്ങളിലെല്ലാം സൗദി അറേബ്യ മുന്നേറ്റം തുടരുകയായിരുന്നു എന്ന് തെളിയിക്കുന്നു സ്ഥിതിവിവര കണക്ക്. സാമ്പത്തിക മാന്ദ്യവും യാത്രാനിരോധനവുമെല്ലാം അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചപ്പോഴും സൗദിയിൽ നിന്നുള്ള ചരക്ക് കയറ്റുമതിയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ 62.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇന്‍റർനാഷനൽ ട്രേഡ് സമ്മറിയുടെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് സൗദിയുടെ നേട്ടം സംബന്ധിച്ചുള്ള കണക്കുള്ളത്.
2021-ൽ സൗദിയിൽനിന്നുള്ള ചരക്ക് കയറ്റുമതിയുടെ ആകെ മൂല്യം 106.3 ശതകോടി റിയാലാണ്. 2020 ഡിസംബർ മാസത്തെ മൊത്തം മൂല്യത്തേക്കാൾ 65.3 ശതകോടി റിയാലിന്‍റെ വർധനവ് ആണിത്. പെട്രോളിയം കയറ്റുമതിയിൽ 30.6 ശതകോടി റിയാൽ, അതായത് 65.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം കയറ്റുമതിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനുപാതം 2020 ഡിസംബറിൽ 71 ശതമാനം ആയിരുന്നത് 2021 ഡിസംബറിൽ 72.4 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം ചരക്ക് കയറ്റുമതിയുടെ മൂല്യം 2021 നവംബറിനെ അപേക്ഷിച്ച് 1.7 ശതകോടി റിയാൽ അഥവാ 1.6 ശതമാനം കുറഞ്ഞിട്ടുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ എണ്ണേതര കയറ്റുമതിയിൽ 54.5 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-ൽ രാജ്യത്ത് 18.9 ശതകോടി റിയാലായിരുന്നു എണ്ണേതര കയറ്റുമതി മൂല്യമെങ്കിൽ 2021-ൽ ഈയിനത്തിൽ നിന്നുള്ള കയറ്റുമതി മൂല്യം 29.3 ശതകോടി റിയാലെന്ന് രേഖപ്പെടുത്തി. 2021 നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ എണ്ണേതര കയറ്റുമതിയുടെ മൂല്യം 2.6 ശതകോടി റിയാൽ അഥവാ 9.9 ശതമാനം വർധിച്ചു.
അതേസമയം 2021 ഡിസംബറിൽ രാജ്യത്തേക്കുള്ള ചരക്ക് ഇറക്കുമതി എട്ട് ശതകോടി റിയാൽ അഥവാ 17.7 ശതമാനമായും വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020 ഡിസംബറിലെ ആകെ ചരക്ക് ഇറക്കുമതി മൂല്യം 45.5 ശതകോടി റിയാലായിരുന്നെങ്കിൽ 2021 ഡിസംബറിൽ ഇത് 53.5 ശതകോടി റിയാലായി ഉയർന്നു. 2021 നവംബർ മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയുടെ മൂല്യം 2.9 ശതകോടി റിയാൽ, അഥവാ 5.8 ശതമാനമായി ഡിസംബറിൽ വർധിച്ചിട്ടുണ്ട്.