ദില്ലി: യുക്രൈയിൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ വ്ലാദിമർ പുടിനുമായി സംസാരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഇതിനായി റഷ്യൻ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചു. യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയെന്നും വിദേശ കാര്യ മന്ത്രാലയ വക്താക്കൾ അറിയിച്ചു.
ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.