കൊച്ചി : ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടികയിലെ മറ്റു പേരുകളേക്കാൾ സ്വീകാര്യനായത് കൊണ്ടാണ് റവാഡയെ തെരഞ്ഞെടുത്തത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജിപിയെ തീരുമാനിക്കുന്നത്. അതിൽ പാർട്ടിക്ക് പങ്കില്ലെന്നും പാർട്ടി ക്ലീൻചിറ്റ് നൽകേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരാണ്. സംഭവത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഹക്കിം ബത്തേരിയും ടിടി ആന്റണിയുമാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. കെസി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. പി ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി നൽകുന്ന ക്ലീൻ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനം. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തെരഞ്ഞെടുത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.