ഇടുക്കി : സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങുകയാണ്. ഈ വര്‍ഷം ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായേക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേയ്ക്ക് എത്താറുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് മൂന്നാറിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.