കൊച്ചി : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസ് നൽകാൻ വനംവകുപ്പ്. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂർ ഡിഎഫ്ഒയ്ക്ക് മുന്നിൽ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടീസ് എന്നാണ് വിവരം. മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർത്ഥ പുല്ലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോയെന്ന് പരിശോധിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കെെവശം വെയ്ക്കുന്നത് കുറ്റകരമാണ്.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നുവെന്നാണ് പരാതി. തുടർന്നാണ് പരാതിക്കാരൻ പോലീസിനെയും വനംവകുപ്പിനെയും സമീപിച്ചത്. ഡിഎഫ്ഒയ്ക്ക് മുമ്പാകെ ഹാജരായി പുലിപ്പല്ല് മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടിവരും. തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാകും മറ്റ് നടപടികൾ. നേരത്തെ റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നത് പുലിപ്പല്ലാണെന്ന പേരിൽ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.