പട്ടിക്കാട്: വീണ്ടും പുലിയെ കണ്ടതോടെ ഭീതി വിട്ടൊഴിയാതെ മണ്ണാർമല ഗ്രാമം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് മണ്ണാർമല മാട് റോഡ് പ്രദേശത്ത് പുള്ളിപ്പുലിയുടെ ദൃശ്യം വീണ്ടും കാമറയിൽ പതിഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് പുലിയുടെ ദൃശ്യങ്ങൾ പ്രദേശവാസികൾ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിയുന്നത്. കുറച്ചു ദിവസം മുമ്പ് ബൈക്കിന് കുറുകെ പുലി ചാടി യാത്രക്കാരന് പരിക്കേറ്റ സംഭവവും ഉണ്ടായി. പുലിയെ പിടികൂടാനായി പലതവണ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആശങ്ക പരിഹരിക്കാൻ എത്രയും വേഗം നടപടി വേണമെന്നും നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാർ അറിയിച്ചു.