തിരുവനന്തപുരം : ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ. നാളത്തെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകൾ അറിയിച്ചു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി. പണിമുടക്ക് ദിവസം കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുകയാണ്. പലയിടത്തും യാത്രക്കാർ വലഞ്ഞു. വിദ്യാർത്ഥി കൺസഷൻ കൂട്ടണമെന്നടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ആകില്ലെന്നും സർക്കാർ ജനപക്ഷത്താണെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു.