ന്യൂഡൽഹി : യുദ്ധകാരണവും സാഹചര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്ളാഡിമിർ പുടിൻ അറിയിച്ചു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു.
25 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തില്‍ ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണയായി. അതേസമയം യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ തീരുമാനമായി. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.