നെടുമങ്ങാട് : നാലുദിവസം മുമ്പ് നെടുമങ്ങാട്ടുനിന്നു കാണാതായ ദമ്പതിമാരെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ രവി (72), ഭാര്യ ലീല(65) എന്നിവർക്കാണ് പരിക്കേറ്റത്. പാറശ്ശാല പരശുവയ്ക്കലിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റിയിൽ നിന്നാണ് ഇരുവരും വീണത്. ലീലയാണ് തീവണ്ടിയിൽനിന്ന് ആദ്യം വീണത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രവിയും വീണു. ലീലയുടെ തലയിൽ ആഴത്തിലുള്ള മുറിവും പൊട്ടലുമുണ്ട്. അബോധാവസ്ഥയിലാണ്. രവിയുടെ കാലിന് ഒടിവുണ്ട്. ഇരുവരെയും ആദ്യം പാറശ്ശാല താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടം കണ്ട് അടുത്തിരുന്ന യാത്രക്കാരാണ് ചങ്ങല വലിച്ച് തീവണ്ടി നിർത്തിയത്. 25-മിനിറ്റോളം തീവണ്ടി ഗതാഗതം നിർത്തിവെച്ചു. നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലയെയും കാണാനില്ലെന്നുകാട്ടി മകൻ കുമാർ ഈമാസം 20-ന് നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൂന്നു ദിവസമായി നാട്ടിലാകെ അന്വേഷിക്കുന്നതിനിടെയാണ് ഈ അപകടം നടക്കുന്നത്.
രവിയും ലീലയും വർഷങ്ങളായി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് താമസിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മക്കൾ അച്ഛനമ്മമാരെ കൂട്ടിക്കൊണ്ടുവന്ന് പുലിപ്പാറയിലെ കുമാറിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച മുതൽ ഇരുവരെയും കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.