കീവ് : യുക്രൈൻ-റഷ്യ യുദ്ധം രണ്ടാം ദിവസവും തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്ഫോടനങ്ങളും, അൽപ്പം അകലെ മൂന്നാമത്തെ സ്ഫോടനം ഉണ്ടായതായും സി.എൻ.എൻ സംഘം റിപ്പോർട്ട് ചെയ്തു. നഗരത്തിൽ രണ്ട് സ്‌ഫോടനങ്ങൾ കേട്ടതായി മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ സ്ഥിരീകരിച്ചതായി യുക്രൈനിലെ യൂണിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുക്രൈൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം യുക്രൈന്‍ യുദ്ധത്തിൻ്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ കൂട്ടിച്ചേർത്തു.
എന്നാൽ റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന പ്രസ്താനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈനിക സംഘം യുക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി കൂട്ടിച്ചേർത്തു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി ആരോപിച്ചു.