അരൂര്‍ : വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളർത്തു പൂച്ചകൾക്ക് പ്രതിരോധ വാക്‌സിൻ നൽകണമെന്നുമുള്ള ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു. അരൂരിലെ സുമാലയം രാജീവനെയാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 6000 രൂപ പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനും ശിക്ഷ അനുഭവിക്കണം. പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുകയും വിവിധ കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കുകയും വീട്ടിലെ വളർത്തു മൃഗങ്ങളായ പ്രത്യേക ഇനം പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാത്തതും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പുറമേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനം നിർത്തലാക്കി ആരോഗ്യ വിഭാഗത്തിൻ്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന രേഖാമൂലമുള്ള നിർദ്ദേശം അവഗണിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.