പെരുമ്പാവൂർ : പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂൾ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. ശക്തമായ മഴയെ തുടർന്നാണ് മതിൽ തകർന്നത്. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ സ്കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ പോകുന്ന റോഡാണിത്. സ്കൂളിന്റെ മറ്റ് വശങ്ങളിലും സമാനമായ രീതിയിൽ മതിൽ ഉണ്ട്. ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു. മതിൽ പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വർഷങ്ങൾ പഴക്കമുള്ള മതിൽ പുനർനിർമ്മിക്കാൻ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ല എന്ന പരാതികളും ശക്തമാണ്.