ദില്ലി : യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാൽ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാടെടുക്കാൻ സാധിക്കൂ. യുക്രൈൻ- റഷ്യ വിഷയത്തിൽ ഒരു രാജ്യവും ധാർമ്മികത ഉപദേശിക്കേണ്ടതില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. റഷ്യ യുക്രൈനിൽ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ലോക നേതാവും ഇക്കാര്യം നേരിട്ട് പുടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം നിലപാടെടുക്കാൻ ഇന്ത്യക്ക് മാത്രമേ സാധിച്ചിട്ടുള്ളവെന്നും ഉന്നതവൃത്തങ്ങൾ വിശദീകരിക്കുന്നു.
യുക്രൈൻ വിഷയം, പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ഇന്നലെ ടെലിഫോണിൽ സംസാരിച്ചിരുന്നു. യുക്രൈൻ വിഷയത്തിൽ ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്നാണ് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടത്. പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരുമെന്നാണ് ഉന്നതവൃത്തങ്ങൾ വിശദീകരിച്ചത്. യുക്രൈയിനെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതൽ നിഷ്പക്ഷ നിലപാടിലായിരുന്നു ഇന്ത്യ സ്വീകരിച്ചത്. യുദ്ധത്തിലേക്ക് നീങ്ങാതെ വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിലും ആവശ്യപ്പെട്ടിരുന്നു. ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയം എത്രയും വേഗം തീർപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും റഷ്യയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രസ്താവന.
അതേ സമയം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓൺലൈൻ രജിസ്ട്രേഷന് തുടക്കമായി. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രക്ഷ്യാദൗത്യത്തിനായി പ്രത്യേക സംഘങ്ങൾ യുക്രൈൻ അതിർത്തികളിലെത്തിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം അതിനാൽ യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിച്ച് എല്ലാവരേയും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. കൺട്രോൾ റൂമിൻ്റെ പ്രവർത്തനവും ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.