കല്‍പ്പറ്റ : കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വര്‍ഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചതിന് അഞ്ചു വര്‍ഷം, വ്യാജ രേഖകള്‍ അസ്സല്‍ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നല്‍കിയതിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നല്‍കാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.