ചാലക്കുടി : ചാലക്കുടി ബിവറേജിന്റെ ഔട്ട്ലെറ്റിൽ മോഷണം. ഇന്ന് രാവിലെ ബിവറേജ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ മുകളിലെ നിലയിലെ പ്രീമിയം ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഷട്ടറുകൾ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വില കൂടിയ മദ്യവും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങളും മോഷ്ടിച്ചു. ബിവറേജിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച നിലയിലാണ്. രാത്രി ഏതാണ്ട് 12 മണിക്ക് ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. ബിവറേജിലെ നാലു സിസിടിവി ക്യാമറകൾ മോഷ്ടാവ് തകർത്തിട്ടുണ്ട്. ജീവനക്കാർ വിവരമറിയിച്ചതിനനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ എത്ര കുപ്പി മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പണം എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നും അറിയാൻ സാധിക്കുകയുള്ളൂ എന്ന് ജീവനക്കാർ പറഞ്ഞു.