വൈത്തിരി : ലക്കിടിയിൽ വയനാട് ഗേറ്റിനുസമീപം വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചു നിർത്തിയ കാറിൽ നിന്ന് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവ് 24 മണിക്കൂറിനുശേഷം പിടിയിൽ. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതിൽ വീട്ടിൽ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പകലും രാത്രിയും കാട്ടിനുള്ളിൽ കഴിഞ്ഞശേഷം പുറത്തെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കാറിൽനിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ കണ്ടെത്താനായി ജില്ലാ അതിർത്തിയിൽ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്.
ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാർകണ്ട് സംശയംതോന്നി റോഡരികിലേക്ക് ഒതുക്കിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കാർ പരിശോധിക്കാനൊരുങ്ങവേ ഷഫീഖ് ഇറങ്ങിയോടി. ചുരത്തിലെ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടി. വനത്തിലേക്ക് ഓടിയ യുവാവിനായി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാ പ്രവർത്തകരും കല്പറ്റ അഗ്‌നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ലക്കിടി ഓറിയന്റൽ കോളേജിനു പിന്നിലുള്ള കാട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. രാത്രി മുഴുവൻ വനത്തിൽ തങ്ങിയെന്നാണ് ഇയാൾ പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കാലിന് പരിക്കേറ്റിരുന്നു. ഇയാളെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻസ്പെക്ടർ എസ്എച്ച്ഒ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ സൗജൽ, എസ്സിപിഒമാരായ ഷുക്കൂർ, നാസർ, നാൾട്ടൻ ജൂഢി ഡിസൂസ, സിപിഒമാരായ അഷ്റഫ്, പ്രജിത്ത്, രതിലാഷ്, ആഷിക്, ജോബിൻ, ഹരീഷ്, റിയാസ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.