ദില്ലി : വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ വൻ ഫീസ് ഈടാക്കുന്നത് ഗുരുതരമായ ദുഷ്പ്രവൃത്തിയായി കണ്ട് ഒരു അഭിഭാഷകന്റെറെ മൂന്ന് വർഷത്തെ സസ്പെൻഷൻ സുപ്രീം കോടതി ശരിവെച്ചു. ഇരകളുടെ ദുർബലത മുതലെടുക്കുന്ന ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. മോട്ടോർ ആക്സസിഡൻ്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) വഴി ₹5 ലക്ഷം നഷ്ടപരിഹാരം ലഭിച്ച കക്ഷിയിൽ നിന്ന് ₹2.3 ലക്ഷം ഫീസായി ആവശ്യപ്പെട്ട അഭിഭാഷകൻ്റെ കേസിലാണ് സുപ്രധാന വിധി.
അഭിഭാഷകൻ്റെ സസ്പെൻഷൻ കാലാവധി കുറയ്ക്കാൻ വിസമ്മതിച്ച കോടതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ചൂഷണം ചെയ്യുന്ന അഭിഭാഷക സംഘങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി. കേസിലെ വിജയത്തെയോ ലഭിക്കുന്ന നഷ്ടപരിഹാരത്തെയോ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുന്നത് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും നിയമ മേഖലയുടെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുമെന്നും കോടതി ആവർത്തിച്ചു പറഞ്ഞു. നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അഭിഭാഷകർ പ്രൊഫഷണൽ ധാർമ്മികത ഉയർത്തിപ്പിടിക്കണമെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു.