കുമ്പള : ഉപ്പള പെരിങ്കടിയിൽ രൂക്ഷമായ കടലാക്രമണം. അഞ്ച് വൈദ്യുതി തൂണുകൾ കടലെടുത്തു. ഇരുപതോളം വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും അപകടഭീഷണിയിലാണ്. പെരിങ്കടിയിൽനിന്ന് മുട്ടം ഗേറ്റ് വരെയുള്ള തീരദേശത്താണ് ചൊവ്വാഴ്ച ഉച്ചയോടെ കടലാക്രമണം ഉണ്ടായത്. നേരത്തേ ഇവിടെയുണ്ടായിരുന്ന റോഡ് കടലാക്രമണത്തിൽ പൂർണമായും ഒലിച്ചുപോയിരുന്നു. കടലാക്രമണം തടയുന്നതിന് നാട്ടുകാർ ചേർന്ന് ചാക്കിൽ പൂഴി നിറച്ച് ഭിത്തി നിർമിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ ഈ മണൽചാക്കുകളും ഒലിച്ചുപോയി. തൂണുകളും ലൈനും പൊട്ടിവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ പ്രദേശം ഇരുട്ടിലാണ്. റോഡ് നഷ്ടപ്പെട്ടതിനാൽ പ്രദേശത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെർവാട്, കോയിപാടി, പെരിങ്കടി, മുട്ടം, ഉപ്പള ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം തുടരുകയാണ്.