മുംബൈ : മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയുയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്ജരേക്കറിനെതിരേ കേസ്. മാഹിം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെക്ഷൻ 292, 34, പോക്സോ സെക്ഷൻ 14 എന്നീവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹ്യപ്രവർത്തകയായ സീമ ദേശ്പാണ്ഡെയാണ് സംവിധായകനെതിരേ പരാതി നൽകിയത്. മുംബൈ സെഷൻ കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ സംവിധായകനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.




















