തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. പവന് ഇന്ന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഒരു പവന്റെ വില മുക്കാൽ ലക്ഷത്തിന് 40 രൂപ മാത്രം കുറഞ്ഞ നിരക്കിലാണ്- 74,960 രൂപ, ഗ്രാമിന് വില 9,370 രൂപയായി. പണിക്കൂലിയും ജി എസ് ടിയുമടക്കം 80,000 രൂപയ്ക്ക് മുകളിൽ നൽകിയാലേ ഒരു പവൻ ആഭരണരൂപത്തിൽ ലഭിക്കൂ. ഈ മാസം 1,760 രൂപയാണ് പവന് വർധിച്ചത്. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം ഡോളറിന് കരുത്ത് നൽകിയപ്പോൾ രൂപ ഇടിവിലാണ്. ഇന്ന് വ്യാപാരാരംഭത്തിൽ ഡോളറൊന്നിന് 20 പൈസ കുറവിലാണ് വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 87 രൂപ 85 പൈസയായി. കഴിഞ്ഞ ദിവസം 87 രൂപ 65 പൈസയെന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.