കൊച്ചി: കോതമംഗലം നിയമസഭ സീറ്റിനെ സംബന്ധിച്ച് നേരത്തെ ചർച്ചകൾ മുറുകുകയാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ജോസഫ് ഗ്രൂപ്പിന് പെരുമ്പാവൂർ നൽകി UDF ൽ സീറ്റ് വെച്ച് മാറ്റത്തിന് സാധ്യത തള്ളിക്കളയാനാകില്ലെന്ന് സീനിയർ നേതാക്കൾ. രണ്ട് പ്രാവശ്യം തോറ്റ സീറ്റിൽ കേരള കോൺഗ്രസിന് വീണ്ടും നൽകി ഇനിയൊരു പരീക്ഷണത്തിന് തയ്യാറല്ലെന്നാണ് കോൺഗ്രസ്സിൽ ഉയരുന്ന വികാരം. കേരള കോൺഗ്രസിന് വേണ്ടി 2021 ലെ തെരഞ്ഞെടുപ്പിൽ മൽസരിച്ച ഷിബു തെക്കുംപുറം തന്നെയാണ് ഇത്തവണയും കളത്തിൽ എന്നാണ് സൂചന. ഇതിനുവേണ്ടിയുള്ള ചരടുവലികള്‍ ഷിബു നേരത്തെതന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷിബു സിപിഎമ്മിലെ ആന്റണി ജോണിനോട് തോറ്റിരുന്നു. 2026 ലും ഷിബുവിന് ജയസാധ്യത ഇല്ലെന്ന വിലയിരുത്തൽ ശക്തമാണ്. ഇതാണ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്.
അതേസമയം കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണ്. സീനിയർ നേതാക്കൾ ഈ ആവശ്യത്തെ തള്ളിക്കളഞ്ഞിട്ടുമില്ല. കഴിഞ്ഞ ഇലക്ഷനിൽ കൊള്ളപ്പലിശക്കാരൻ എന്ന സിപിഎം പ്രചരണം ഷിബു തെക്കുംപുറത്തിന്റെ തോൽവിക്ക് ആക്കം കൂട്ടി. പിന്നീടിങ്ങോട്ട് മണ്ഡലത്തിൽ സജീവമായെങ്കിലും വിജയ സാധ്യത വിരളമാണെന്നാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ മനോജ് മൂത്തേടനായിരിക്കും പ്രഥമ പരിഗണനയെന്നാണ് സൂചന. നിലവിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയനായ പ്രസിഡന്റാകാൻ സാധിച്ചുവെന്നത് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നുണ്ട്. കെപിസിസി വക്താവ് ജിന്റോ ജോണിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.







