ഇടുക്കി : മദമിളകിയ കാട്ടാനയെപ്പോലെയാണ് ഇടുക്കിയിലെ ചില റവന്യൂ ഉദ്യോഗസ്ഥര്‍. തങ്ങള്‍ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതുമൊക്കെ നിയമവും ചട്ടവുമാണെന്ന നിലയിലാണ് ഇവരുടെ ഓരോ നടപടികളും പ്രവര്‍ത്തികളും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം പീരുമേട് താലുക്ക് ഓഫീസ് തന്നെയാണ്. വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക് റവന്യൂ ജീവനക്കാരുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടോ എന്ന സംശയം ഇവിടെ ബലപ്പെടുകയാണ്. പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ചിലര്‍ കെട്ടിച്ചമച്ച ഭൂമികയ്യേറ്റ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണ് പീരുമേട്.
പീരുമേട് വില്ലേജിലെയും മഞ്ചുമല വില്ലേജിലെയും ചില സര്‍വ്വേ നമ്പരുകളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അടിയന്തിരാവസ്ഥ നിലനില്‍ക്കുകയാണ്. പട്ടയവസ്തു ക്രയവിക്രയം ചെയ്യുന്നതിനോ പേരില്‍ക്കൂട്ടി കരം അടക്കുന്നതിനോ കഴിയുന്നില്ല, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നില്ല, ഭൂമിയുടെ കൈവശരേഖ ഉള്‍പ്പെടെ ഒരു റവന്യൂ രേഖകളും നല്‍കുന്നില്ല, പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല. ഇതെല്ലാം ബാധകമായിരിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയംകിട്ടി നിയമപരമായ എല്ലാ അവകാശങ്ങളും ലഭിച്ച് പലരിലൂടെ കൈമാറിവന്ന ഭൂമിക്കാണ് എന്നത് ഏറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയംതന്നെയാണ്. പല അപേക്ഷകളും നിരസിക്കുന്നതിന് കാരണം പറയുന്നില്ല, അഥവാ പറഞ്ഞാല്‍ ‘കളക്ടറുടെ നിര്‍ദ്ദേശം ഉണ്ട് ‘ എന്നാണ്. എന്നാല്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിനെക്കുറിച്ച് ചോദിച്ചാല്‍ ജോലിത്തിരക്ക് അഭിനയിച്ച് മാറിപ്പോകുകയാണ് തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍.
കാര്‍ബണ്‍ ഫണ്ടില്‍ നിന്നും അച്ചാരം കൈപ്പറ്റുന്നവര്‍, കയ്യേറ്റ ആരോപണം ഉയര്‍ത്തി പട്ടയഭൂമികളില്‍ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുവാനുള്ള ഗൂഡ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. റവന്യൂ രേഖകള്‍ നല്‍കുന്ന നടപടി മരവിപ്പിച്ചതിന്റെ പിന്നിലും ഈ ഗൂഡലക്ഷ്യം ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. പീരുമേട്ടിലെ സാധാരണ ജനങ്ങളും ടൂറിസം വ്യവസായികളും നേരിടുന്ന വിഷയങ്ങള്‍ അതിസങ്കീര്‍ണ്ണമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും വ്യക്തമായി അറിയാം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചത് സി.പി.എം മാത്രമാണ്. പീരുമേട് ഗ്രാമപഞ്ചായത്തും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തികഞ്ഞ മൌനം പാലിക്കുകയാണ്. പീരുമേട്ടിലെ സാധാരണ ജനങ്ങള്‍ ഇക്കാര്യത്തില്‍ അജ്ഞരാണ്. ആയിരക്കണക്കിന് കുടുംബങ്ങളെ സാരമായി ബാധിക്കുന്ന പീരുമേട് ഭൂപ്രശ്നം തെരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ചാവിഷയം ആകുമ്പോഴും മുന്‍നിര മാധ്യമങ്ങള്‍ ഇവിടെനിശബ്ദരായി നിലകൊള്ളുകയാണ്.







